ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ കൊഴിഞ്ഞാമ്പാറ ഫര്‍ക്കയില്‍പ്പെട്ട മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായ എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്, തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നതാകുന്നു. കൊഴിഞ്ഞാമ്പാറ ഫര്‍ക്കയില്‍പ്പെട്ട 11 റവന്യൂവില്ലേജുകളുടെയും പേരുകളുടെ അവസാനത്തില്‍ പതി എന്നാണ് അവസാനിക്കുന്നത്. പതി എന്നാല്‍ വനം അഥവാ കാട് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ പ്രദേശങ്ങളില്‍ ജനവാസം വളരെ കുറവായിരുന്നു. 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും കാര്‍ഷികവൃത്തിക്കായും മറ്റും വിവിധ ജനവിഭാഗങ്ങള്‍ ഈ പ്രദേശത്തു കുടിയേറിപാര്‍ത്തു. അങ്ങനെ ഇവിടുത്തെ ജനങ്ങള്‍ ഒരു സങ്കരസംസ്ക്കാരത്തിന്റെ ഉടമകളായി. ഇവരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയും കന്നുകാലിവളര്‍ത്തലുമായിരുന്നു. ആദ്യകാലങ്ങളില്‍ കന്നുകാലികളുടെ ചാണകം ഉണക്കി ഇന്ധനത്തിനും കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സംഭരിച്ചുവെയ്ക്കുക പതിവായിരുന്നു. ഉണക്കിവയ്ക്കുന്ന ചാണകത്തിനു തമിഴില്‍ എരു എന്നാണ് പറയാറുള്ളത്. ഇങ്ങനെ സംഭരിച്ചുവെച്ചിട്ടുള്ളതായ ഉണക്കചാണകത്തില്‍ അതായത് എരു വില്‍ ഈ പ്രദേശത്തെ കാടുകളില്‍ ഉണ്ടായിരുന്ന തേനീച്ചകള്‍ കൂടുകള്‍ വെയ്ക്കുകയുണ്ടായി. ദീര്‍ഘകാലം ഈ ഉണക്ക ചാണകത്തില്‍ തേനീച്ചകള്‍ കൂടുകള്‍ കെട്ടുകയും അതില്‍ നിന്നും കര്‍ഷകര്‍ തേന്‍ സംഭരിക്കുകയും ചെയ്തിരുന്നു. അങ്ങിനെ ഈ പ്രദേശത്തെ എരും+തേന്‍+പതി എന്നിവ സംയോജിച്ചുള്ള പദമായ എരുത്തേമ്പതി എന്ന പേരില്‍ അറിയപ്പെട്ടു. ഈ പഞ്ചായത്തു പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഹിന്ദുക്കളായിരുന്നു. ആദ്യകാലം മുതല്‍ തന്നെ വിനായകര്‍കോവില്‍(ഗണപതിക്ഷേത്രം), മാരിയമ്മന്‍ കോവില്‍, സുബ്രഹ്മണ്യര്‍ കോവില്‍ എന്നീ ക്ഷേത്രങ്ങള്‍ ഇവിടെ സ്ഥാപിതമായിരുന്നു. ക്രിസ്ത്യാനികളുടെ ആഗമനത്തോടുകൂടി 1894-ല്‍ ആദ്യമായി എരുത്തേമ്പതിയില്‍ ഒരു ക്രിസ്തീയദേവാലയം സെന്റ് പീറ്റര്‍ ആന്റ് പാള്‍ എന്ന പേരില്‍ ആരംഭിച്ചു. പില്‍ക്കാലത്ത് രാമവര്‍മ്മപൂരംപുതൂരില്‍ മുസ്ളീംപള്ളിയും സ്ഥാപിക്കപ്പെട്ടു. പട്ടികജാതിയില്‍പ്പെട്ട ഒരു വിഭാഗം ആളുകള്‍ തമിഴ് സംസ്ക്കാരത്തിന്റെ ഭാഗമായ മധുരവരന്‍ ദൈവത്തെ ആരാധിച്ചുവന്നു. രാജവാഴ്ചയുടെ കാലത്തുതന്നെ ഈ പഞ്ചായത്തില്‍പ്പെട്ട രാമവര്‍മ്മപുരം പുതൂര്‍, വണ്ണാമട എന്നീ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ വക സ്ഥലത്ത് ഒരോ വില്ലേജ് കച്ചേരിയും ഒരോ പ്രാഥമികവിദ്യാലയവും ഉണ്ടായിരുന്നു. വിദ്യാഭ്യാസകാര്യത്തില്‍ ഇവിടുത്തെ ജനങ്ങള്‍ വളരെ പിന്നിലായിരുന്നു. കോയമ്പത്തൂര്‍ രൂപതയുടെ കീഴിലുള്ള സെന്റ്പീറ്റേഴ്സ് അപ്പര്‍ പ്രൈമറി വിദ്യാലയം ഈ പഞ്ചായത്തിന്റെ പ്രാഥമികവിദ്യാഭ്യാസരംഗത്തിന് നിസ്തുലമായ സംഭാവന നല്‍കിയിട്ടുണ്ട്. പിന്നീടാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാമവര്‍മ്മപുരംപുതൂരിലും, വണ്ണാമടയിലും ഓരോ പ്രാഥമികവിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. പശ്ചിമഘട്ടത്തിലെ നീലഗിരി മലയ്ക്കും ആനമലയ്ക്കും മധ്യേ, പാലക്കാടു ചുരത്തില്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 180 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എരുത്തേമ്പതി പഞ്ചായത്ത്. ഈ പഞ്ചായത്തില്‍ ഇപ്പോള്‍ എരുത്തേമ്പതി, കോഴിപ്പതി എന്നീ രണ്ടു റവന്യൂവില്ലേജുകളാണ് ഉള്ളത്. ഈ പഞ്ചായത്തിന്റെ മധ്യഭാഗങ്ങളില്‍ പരുത്തികൃഷിയ്ക്ക് പറ്റിയ കരിമണ്ണുണ്ട്. മധ്യഭാഗത്തായി കൂടുതല്‍ ഭൂഗര്‍ഭജലം ഉള്ളതായി കാണുന്നു. കാലവര്‍ഷവും തുലാവര്‍ഷവും വളരെ കുറച്ചുമാത്രം ലഭിക്കുന്ന വരണ്ട കാലാവസ്ഥയാണ് ഈ പ്രദേശത്ത് എപ്പോഴും അനുഭവപ്പെടുന്നത്. കൊഴിഞ്ഞാംപാറ ഫര്‍ക്കയില്‍പ്പെട്ട എരുത്തേമ്പതി, കോഴിപ്പതി എന്നീ റവന്യൂവില്ലേജുകള്‍ ഉള്‍പ്പെട്ടതാണ് എരുത്തേമ്പതി പഞ്ചായത്ത്. ഈ രണ്ടു വില്ലേജുകളും തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്നു. അതുകൊണ്ടുതന്നെ ഈ പഞ്ചായത്തിലെ ജനങ്ങള്‍ ഒരു സങ്കരസംസ്ക്കാരത്തിന്റെ ഉടമകളാണ്. ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങളെല്ലാം തമിഴുസംസ്ക്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. പഞ്ചായത്തിലെ ജനങ്ങളില്‍ ചുരുങ്ങിയത് 50 ശതമാനം ആളുകളെങ്കിലും തമിഴ് സംസാരിക്കുന്നവരാണ്. ആളുകളുടെ മാതൃഭാഷ മലയാളമാണെങ്കിലും, തമിഴിന്റെ സ്വാധീനം വളരെ കൂടുതലാണ്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമുള്ള ഗൌണ്ടര്‍ സമുദായത്തില്‍പ്പെട്ട ധാരാളം ആളുകള്‍ ഇവിടെയുണ്ട്. ഇവരുടെ പൂര്‍വ്വികര്‍ തമിഴ്നാട്ടുകാരാണ്. ഇവിടുത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗം കാര്‍ഷിക പ്രവൃത്തിയാണ്. കേരളത്തിലെ ഇതരഭാഗങ്ങളില്‍ കാണാത്ത കരിമ്പ്, നിലക്കടല, പരുത്തി എന്നീ കൃഷികളാണ് ഇവിടെ പ്രധാനം. തമിഴ്നാടിന്റെ കാര്‍ഷിക സംസ്ക്കാരമാണ് ഈ പ്രദേശത്തുള്ളത്. കേരളത്തിലെ മറ്റു ഭാഗങ്ങളില്‍ അറിയപ്പെടാത്തതും ആഘോഷിക്കാത്തതുമായ ശൂരംപോര്, ഉറിയടി, പൊങ്കല്‍ എന്നീ വിശേഷങ്ങള്‍ ഇവിടെ മുഴുവന്‍ ആളുകളും ഉത്സാഹപൂര്‍വ്വും ആഘോഷിക്കുന്നു. പഞ്ചായത്തില്‍ പ്രചാരണമുള്ള പത്രങ്ങള്‍ മലയാള മനോരമ, മാതൃഭൂമി എന്നിവയും, തമിഴ്നാട്ടില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദിനതന്തി എന്ന തമിഴുപത്രവുമാണ്. രാമവര്‍മ്മപുരംപുതൂര്‍, വണ്ണാമട എന്നിവിടങ്ങളിലായി ഈ പഞ്ചായത്തില്‍ രണ്ടു ഗ്രന്ഥശാലകളാണുള്ളത്. പഞ്ചായത്തിലെ ജനങ്ങളുടെ തനതു കലാരൂപങ്ങള്‍ ചിക്കാട്ടം, മയിലാട്ടം, പൊറാട്ടുകളി മുതലായവയാണ്. ജനങ്ങളുടെ പ്രധാന വിനോദോപാധി സിനിമയാണ്